Monday 22 July 2013

പരീക്ഷ

ഏതു വാക്കുകൊണ്ടാണ്  നമുക്കിടയിലെ
'വിട്ടഭാഗം പൂരിപ്പിക്കുക ?'
പിന്നെ ഏതു മഷികൊണ്ടാണ്
ആ 'വാക്യത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്തുക?' 

Sunday 7 November 2010

വീട്ടുകാരി

ഇത് ഇഷ്ടികയ്ക്കും സിമന്‍റ്നും  ഇടയില്‍
നീ എന്നെ ജീവിച്ചുതീര്‍ക്കുന്ന വീട്
പുറത്തുവയ്ക്കണം, ഒരുബക്കറ്റ്‌ കണ്ണീര്‍ 
അതിഥികള്‍വന്നാല്‍, കാല്‍കഴുകി
നീ തന്നെ കുടിക്കണം.
രക്തംപിഴിഞ്ഞു, വിയര്‍പ്പുകൊഴിച്ചുകൊടുക്കണം. 
മാംസമറത്ത്  തൊലിചെത്തിയൂട്ടണം.
അടുക്കളയില്‍ ഉപ്പിന്‍റെയും മുളകിന്‍റെയും
ഇല്ലായ്മകള്‍ നിറഞ്ഞിരിക്കുന്ന 
ഭരണികളെ പോറ്റണം. 
കിടപ്പറയില്‍, കട്ടില്‍ക്കാലിന്‍റെ  നട്ടെല്ല്ഞെരിക്കുന്ന 
ഭാരിച്ച പ്രണയത്തെ പാടിയുറക്കണം .
നിന്‍റെ ഉള്ളില്‍മുഴങ്ങുന്ന,
മുറ്റത്തും വരാന്തയിലും  പിച്ചവയ്ക്കേണ്ടുന്ന
കൊഞ്ഞലുകളെ    ഭയക്കണം.

തലതിരിവ്‌

ഭൂഗോളം തിരിഞ്ഞുകൊണ്ടിരിക്കുന്നു
കമ്പിപ്പാരയ്ക്കൊടുങ്ങാന്‍
കാലം കാത്തുവച്ചിരിക്കുന്ന
എന്‍റെ തലപോലെ

Saturday 6 November 2010

ചക്രജാലങ്ങള്‍

ജലവും മേഘവും ഒന്ന് :

അതുകൊണ്ടാണോ
       കാവല്‍ മേഘങ്ങളെപ്പറ്റി   ചോദിക്കുമ്പോള്‍
       കണ്ണീര്‍തടാകങ്ങളെപ്പറ്റിപ്പറഞ്ഞ്
       ഒരു പാരിസ്ഥിതികചക്രമായി
       നീ പെയ്തൊഴിയുന്നത്‌?

മുലപ്പാലും ചോരയും ഒന്ന് :

       അതാണോ നമ്മുടെ പുതിയകുരുപ്പുകള്‍
       ചോരകുടിച്ചുവളരുന്ന ഭാവിയിലേക്കുള്ള
       രക്തചംക്രമണത്തിന്‍റെ നീതീകരണം?

ഉയര്‍ച്ചയും താഴ്ചയും ഒന്ന് :

       അതുകൊണ്ടല്ലേ 
       കച്ചവടചക്രത്തിന്‍റെ കുണ്ടുകളിലും കുന്നുകളിലും
       തൊഴിലില്ലാവയറുകളെ പെറുന്ന
       മാതൃരാജ്യത്തിന് നാം അവകാശികളായത് ?

Friday 5 November 2010

ഒരു പുതിയകഥ

 മഴയത്തലിയാത്ത മണ്ണാങ്കട്ടയും 
കാറ്റത്ത്‌ പറക്കാത്ത കരിയിലയുംകൂടി 
കാശിക്കുപോയി
കാറ്റും മഴയും ഒന്നിച്ചുവന്നു
മണ്ണാങ്കട്ട പറന്നുംപോയി
കരിയില അലിഞ്ഞുംപോയി   

നുറുങ്ങു പ്രണയം

(1) ഒന്നും പറയാനില്ലെങ്കില്‍
     അതെങ്കിലും പറയൂ
     മിണ്ടാത്ത നീ
     മരണം പോലെ മരവിച്ചത്


(2) വനമധ്യത്തിലെ കുറ്റിരുട്ടില്‍
     ആമ്പല്‍ പൂക്കളെപ്പോലെ
     നിന്‍റെ മിഴികള്‍ പ്രകാശിച്ചിരുന്നില്ലെങ്കില്‍
     തടാകത്തിലെ കയത്തില്‍ വീണ്‌
     എന്നെ ഞാന്‍ മുങ്ങിമരിച്ചേനെ

(3) കട്ടിക്ക് കണ്ണെഴുതിയതുകൊണ്ടല്ലേ 
      മഷി പടര്‍ന്നതും
      കാഴ്ച്ച മറഞ്ഞതും 
      നീ എന്നെ കാണാതെപോയതും 

(4)  നട്ടുച്ചയ്ക്ക് ഇരുട്ടുണ്ടാക്കുന്നത് നീ 
       പാതിരാത്രിക്ക്‌ പകല്‍വെളിച്ചവും
       എന്‍റെ  ദിനരാത്രങ്ങളെ
       ഇത്രയധികം സ്വാധീനിക്കുവാന്‍
       നിനക്ക് എങ്ങനെ സാധിച്ചു    

Thursday 4 November 2010

അയ്യപ്പന്‍ പാട്ട്

ഓരങ്ങളിലൂടെ കവി നടന്നുപോയി
പാത ഒഴിഞ്ഞുകിടന്നു
അക്ഷരങ്ങളിലൂടെ കാലം കടന്നുപോയി
കവിത നിറഞ്ഞുകിടന്നു
അനാഥമായ അലമുറകള്‍ അടിച്ചുകയറ്റിയ
 തൊണ്ടക്കുഴിയില്‍
ആനക്കയത്തിന്‍റെ നീലത്തണ്പ്പും
പായല്‍ത്തഴപ്പുമുണ്ടായിരുന്നു
ഒരു കവി കുത്തിയൊലിച്ചുപോയി
തീരങ്ങള്‍ വരണ്ടുകിടന്നു
നടന്നുതീരാത്ത കവി കടന്നുപോയി
ഒഴിഞ്ഞ പാത മരിച്ചുകിടന്നു
(കവി അയ്യപ്പന് )